ന്യൂഡല്ഹി: കോണ്ഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പില് പ്രതീക്ഷിച്ചതിനും അപ്പുറത്ത് മികച്ച പ്രകടനം കാഴ്ച വെച്ചത് തരൂര് അനുകൂലികള് ഉയര്ത്തിക്കാണിക്കുമ്പോള് കേരളത്തില് നിന്നുള്ള നേതാക്കളായ കൊടിക്കുന്നില് സുരേഷ്, രാജ് മോഹന് ഉണ്ണിത്താന് അടക്കമുളളവര് ഇപ്പോഴും അക്കാര്യത്തെ അംഗീകരിക്കാന് തയ്യാറായിട്ടില്ല.
ഖാര്ഗെക്ക് തെരഞ്ഞെടുപ്പില് കൃത്യമായ മേല്ക്കൈ ലഭിച്ചുവെന്നും ശശി തരൂരിന് ഒരു സംസ്ഥാനത്ത് നിന്നും വ്യക്തമായ മേല്ക്കൈ ഉണ്ടായിട്ടില്ലെന്നും കൊടിക്കുന്നില് സുരേഷ് പ്രതികരിച്ചു. ‘100 വോട്ട് എണ്ണുമ്പോള് 4,5 വോട്ടാണ് തരൂരിന് കിട്ടിയത്. മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞ തരൂര് പുതുതായി ഒന്നും ഉന്നയിച്ചില്ല. ഒന്പതിനായിരത്തില് കൂടുതല് വോട്ടുള്ള തെരഞ്ഞെടുപ്പില് 1000 വോട്ട് കിട്ടുന്നത് വല്യ കാര്യമല്ല. തരൂരിന് കേരളത്തില് നിന്നാണ് കൂടുതല് വോട്ട് കിട്ടിയതെന്ന് പറയാന് ആകില്ല. പാര്ട്ടിക്ക് വേണ്ട മാറ്റം പാര്ട്ടി കൊണ്ടുവരും.അസാധുവായതില് കൂടുതല് വോട്ട് ഖാര്ഗെക്ക് കിട്ടിയതാണ്. 400 വോട്ടോളം ഖാര്ഗെക്ക് രേഖപ്പെടുത്തുന്നതില് തെറ്റ് വന്നതിനാല് നഷ്ടപ്പെട്ടു. വോട്ടടുപ്പില് കൃത്രിമം നടന്നുവെന്ന തരൂരിന്റെ ആരോപണം പരാജയം മുന്നില് കണ്ടുള്ളത് മാത്രമായിരുന്നു’- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ലിസ്റ്റിന് പുറത്തുള്ളവര് വോട്ട് ചെയ്തുവെന്ന് ശശി തരൂര് തെളിയിക്കണമെന്ന് രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു. തെലങ്കാനയില് ക്രമക്കേട് നടന്നുവെന്ന് തെളിയിച്ചാല് പൊതുപ്രവര്ത്തനം അവസാനിപ്പിക്കുമെന്നും അല്ലെങ്കില് തരൂര് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്, ശശി തരൂരിന്റെ വോട്ട് ശതമാനം പ്രാധാന്യമുള്ളതാണെന്ന് എംകെ രാഘവന് എംപി പ്രതികരിച്ചു.

