ഏഷ്യാകപ്പ് ഫുട്‌ബോളും ഖത്തറില്‍

ദോഹ: 2023ലെ ഏഷ്യാകപ്പ് ഫുട്‌ബോളിനും ഖത്തര്‍ ആതിഥേയരാകും. കോവിഡിനെ തുടര്‍ന്ന് ചൈന പിന്മാറിയതോടെയാണ് പുതിയ ആതിഥേയരെ തെരഞ്ഞെടുത്തത്. ടൂര്‍ണമെന്റിന്റെ സമയക്രമം പിന്നീട് പ്രഖ്യാപിക്കും.

വേദിയൊരുക്കാന്‍ ആസ്‌ട്രേലിയ, ഇന്തോനേഷ്യ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും രംഗത്തുണ്ടായിരുന്നു. ഇതില്‍ ആസ്‌ട്രേലിയയും ഇന്തോനേഷ്യയും പിന്മാറി.

ഒടുവില്‍ ദക്ഷിണ കൊറിയയെ മറികടന്ന് ഖത്തറിനെ ആതിഥേയരായി പ്രഖ്യാപിക്കുകയായിരുന്നു. ലോകകപ്പ് ഫുട്ബോളിനായി ഒരുക്കിയ സംവിധാനങ്ങള്‍ ഖത്തറിന് തുണയായി. എട്ട് സ്റ്റേഡിയങ്ങളും ലോകകപ്പ് ടീമുകളുടെ പരിശീലന വേദികളും ഉള്ളതിനാല്‍ ഏത് നിമിഷവും ടൂര്‍ണമെന്റ് നടത്താന്‍ ഖത്തര്‍ സജ്ജമാണ്. 2024 അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്ബാളിനും വേദിയാകുന്നത് ഖത്തറാണ്.