ഖാര്‍ഗെക്ക് അഭിനന്ദനം; ആയിരത്തിലധികം പ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചത് അംഗീകാരമെന്നും തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വിജയിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അഭിനന്ദിച്ച് ശശി തരൂര്‍ രംഗത്ത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ തീരുമാനം അന്തിമമാണ്. പരാജയം അംഗീകരിക്കുന്നു. ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഒന്നിച്ചുനിന്ന് പാര്‍ട്ടിയെ പുതിയ ഉയരങ്ങളിലെത്തിക്കാമെന്ന ഉറപ്പുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകുക എന്നത് വലിയ അംഗീകാരവും ഉത്തരവാദിത്വവുമാണ്. ആ പ്രവര്‍ത്തനത്തില്‍ ഖാര്‍ഗെയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ആയിരത്തിലധികം സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചതും ഇന്ത്യയിലുടനീളമുള്ള കോണ്‍ഗ്രസിന്റെ അഭ്യുദയകാംക്ഷികള്‍ അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും എന്നിലര്‍പ്പിച്ചതും അംഗീകാരമായി കരുതുന്നു’- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

‘പാര്‍ട്ടി പ്രവര്‍ത്തകരുടെ അന്തിമ വിധിയെഴുത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയ്ക്ക് അനുകൂലമായിരിക്കുകയാണ്. ഈ വിജയത്തില്‍ എന്റെ ഹൃദയംനിറഞ്ഞ ആശംസകള്‍ അറിയിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പങ്കാളികളായ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍’- അദ്ദേഹം പറഞ്ഞു. മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മധുസൂദന്‍ മിസ്ത്രി തുടങ്ങിയവര്‍ക്കും തരൂര്‍ നന്ദി അറിയിച്ചു.