ചെന്നൈ: തമിഴ്നാട് മുന് മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ ജനറല് സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ ചികിത്സയില് ഇടപെട്ടിട്ടില്ലെന്നും, ഏത് അന്വേഷണത്തെയും നേരിടാന് തയ്യാറാണെന്നും ഉറ്റതോഴി വി. കെ ശശികല പ്രതികരിച്ചു. ജയലളിതയുടെ മരണത്തില് ദുരൂഹതയുണ്ടെന്ന ആരോപണവുമായി അറുമുഖസാമി അന്വേഷണ കമ്മീഷന് റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ശശികലയുടെ പ്രതികരണം.
‘ജയലളിതയെ വിദേശ ചികിത്സയ്ക്ക് കൊണ്ടുപോകുന്നത് ഞാന് ഒരിക്കലും തടഞ്ഞിട്ടില്ല. മെഡിക്കല് സംഘത്തിന്റെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ നല്കിയത്’- ശശികല വ്യക്തമാക്കി.
അതേസമയം, ജയലളിതയ്ക്ക് വിദഗ്ദ്ധ ചികിത്സ നിഷേധിച്ചെന്നാണ് റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നത്. ശശികല, കുടുംബ ഡോക്ടര് ശിവകുമാര്, അന്നത്തെ ആരോഗ്യ വകുപ്പ് സെക്രട്ടറി രാധാകൃഷ്ണന്, ആരോഗ്യമന്ത്രി സി വിജയ് ഭാസ്ക്കര് എന്നിവരെ പ്രതിചേര്ത്ത് അന്വേഷണം നടത്തണമെന്നായിരുന്നു കമ്മീഷന് ശുപാര്ശ ചെയ്തത്. കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില് ജയലളിതയുടെ ജീവന് രക്ഷിക്കാമായിരുന്നു. മരിച്ച് ഒന്നര ദിവസത്തിനുശേഷമാണ് വിവരം പുറത്തുവിട്ടത്. ചികിത്സാ വിവരങ്ങള് മറച്ചുവച്ചതില് അപ്പോളോ ആശുപത്രി ചെയര്മാന് ഡോ പ്രതാപ് സി റെഡ്ഢിക്കും പങ്കുണ്ടെന്നും കമ്മീഷന് കുറ്റപ്പെടുത്തി.

