ന്യൂഡല്ഹി: ആസാദ് കശ്മീര് പരാമര്ശത്തെ തുടര്ന്ന് മുന് മന്ത്രിയും എം എല് എയുമായ കെടി ജലീലിനെതിരായ പരാതി കേരള ഡി ജി പിക്ക് കൈമാറിയെന്ന് ഡല്ഹി പോലീസ് സൈബര് ക്രൈം വിഭാഗം വ്യക്തമാക്കി റോസ് അവന്യൂ കോടതിയില് റിപ്പോര്ട്ട് നല്കി. കേസ് അടുത്ത മാസം ഒമ്പതിന് വീണ്ടും പരിഗണിക്കും
ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് അഭിഭാഷകന് ജി എസ് മണി റോസ് അവന്യു കോടതിയില് ഫയല് ചെയ്ത ഹര്ജിയിലെ ആവശ്യം. ഇന്ത്യ അധീന കാശ്മീര്, ആസാദ് കാശ്മീര് തുടങ്ങിയ പരാമര്ശങ്ങളോട് കൂടിയ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.
അതേസമയം, വിവാദ പോസ്റ്റില് ആര് എസ് എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുണ് മോഹന് നല്കിയ പരാതിയില് പത്തനംതിട്ട കീഴ്വായ്പ്പൂര് പൊലീസ് കേസെടുത്തിരുന്നു. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീല് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ് ഐ ആറില് പറയുന്നത്. ജലീലിനെതിരെ 53 ബി പ്രകാരമാണ് വകുപ്പുകള് ചുമത്തിയത്. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പര്ധ വളര്ത്താന് ശ്രമിച്ചെന്നുമാണ് എഫ്ഐആറില് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെടി ജലീല് ഇന്ത്യന് ഭരണഘടനയെ അപമാനിക്കാന് ശ്രമിച്ചെന്നും എഫ് ഐ ആറില് പറയുന്നു.

