എൻഐഎ ഉദ്യോഗസ്ഥരുടെ ചിത്രം പകർത്തി; പിഎഫ്‌ഐ പ്രവർത്തകർക്ക് താക്കീതുമായി കോടതി

കൊച്ചി: രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ കൊണ്ട് പോകുന്നതിനായി എത്തിയ എൻഐഎ ഉദ്യോഗസ്ഥരുടെ ചിത്രം പകർത്തിയ പിഎഫ്‌ഐ പ്രവർത്തകർക്ക് താക്കീതുമായി കോടതി. കോടതി വളപ്പിൽ ഇത്തരം കാര്യം ആവർത്തിക്കരുതെന്നാണ് കോടതി ഇവർക്ക് നൽകിയ താക്കീത്. പിഎഫ്‌ഐ നേതാക്കളുടെ ബന്ധുക്കളാണ് ഉദ്യോഗസ്ഥരുടെ ദൃശ്യം എൻഐഎ കോടതി വളപ്പിൽ വെച്ച് പകർത്തിയത്. ദൃശ്യം പകർത്തിയ വിവരം എൻഐഎ ഉദ്യോഗസ്ഥർ കോടതിയെ ധരിപ്പിച്ചതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.

ദുരൂഹ സാഹചര്യത്തിൽ എൻഐഎ ഉദ്യോഗസ്ഥരുടെ ചിത്രങ്ങളെടുത്തത് ഗൗരവകരമായ കൃത്യമാണെന്ന് കോടതി വിലയിരുത്തി. രാജ്യ വ്യാപകമായി പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കേരളത്തിൽ നിന്ന് അറസ്റ്റിലായ അഞ്ച് പി എഫ് ഐ നേതാക്കളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബർ 22-നായിരുന്നു രാജ്യ വ്യാപകമായി നടന്ന റെയ്ഡിനൊടുവിൽ പിഎഫ്‌ഐ നേതാക്കളെ എൻഐഎ കൂട്ടമായി അറസ്റ്റ് ചെയ്തത്. റെയ്ഡിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിന് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

വിവിധ കേസുകളിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളായ കരമന അഷ്‌റഫ് മൗലവി, യഹിയ യോയ തങ്ങൾ അബ്ദുൾ സത്താർ, കെ മുഹമ്മദ് അലി. സി ടി സുലൈമാൻ എന്നിവരെ കോടതി ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.