ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് പൂർത്തിയായിരിക്കുകയാണ്. ഒക്ടോബർ 19 നാണ് പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും ബിജെപിക്കെതിരെ പോരാടാൻ തരൂരിന്റെ ആശയങ്ങൾ കോൺഗ്രസിന് പരിഗണിക്കാവുന്നതാണ്.
ഓരോ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് അധ്യക്ഷന്മാർക്ക് കൂടുതൽ അധികാരം നൽകുന്ന അധികാര വികേന്ദ്രീകരണം എന്ന നിർദ്ദേശമാണ് ഇതിൽ പ്രധാനപ്പെട്ടത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ തോൽവിയുടെ കാരണങ്ങളിലൊന്നും ഇതാണ്. പാർട്ടി പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും കാലാവധി പത്തു വർഷമാക്കുക, സിഡബ്ല്യുസി അംഗങ്ങളിൽ പകുതി പേരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക തുടങ്ങിയ നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നുണ്ട്.
എല്ലാ മാസവും സിഡബ്ല്യുസി മീറ്റിംഗുകൾ നടത്തുക എന്നതും എല്ലാ പ്രവർത്തകർക്കും സമീപിക്കാൻ സാധിക്കുന്ന ഒരു അധ്യക്ഷൻ തുടങ്ങിയവയും അദ്ദേഹത്തിന്റെ ആശയങ്ങളാണ്. തരൂർ മുന്നോട്ടു വെച്ച നിർദേശങ്ങൾ ശരിയായ അർത്ഥത്തിൽ ഉൾക്കൊണ്ട് അവ പ്രാവർത്തികമാക്കിയാൽ കോൺഗ്രസിന് വലിയ മുന്നേറ്റമായിരിക്കും ഉണ്ടാകുക. ഒരാൾക്ക് ഒരു പദവി എന്ന ഉദയ്പൂർ പ്രഖ്യാപനം നടപ്പിലാക്കുക എന്ന നിർദേശവും ശശി തരൂരിന്റേതാണ്.

