തിരുവനന്തപുരം: ആര്എസ്എസ് ആണെന്ന് പരസ്യമായി സമ്മതിച്ച ഗവര്ണറുടെ നിലപാടുകളോടു വിധേയപ്പെടാന് എല്ഡിഎഫിന് സാധിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മാധ്യമങ്ങളോട് പ്രതികരിച്ചു.
എം.വി ഗോവിന്ദന്റെ പ്രതികരണം
‘ഗവര്ണര് അമിതാധികാര പ്രവണത കാട്ടുന്നു. ജനാധിപത്യത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും ഗവര്ണര് അജ്ഞനാണ്. ഭരണഘടനാപരമായിട്ടാണ് ഗവര്ണറും മന്ത്രിമാരും പ്രവര്ത്തിക്കേണ്ടത്. ഗവര്ണറെ തിരിച്ചുവിളിക്കാന് രാഷ്ട്രപതിക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി മുമ്പ് വ്യക്തമാക്കിയതാണ്. മന്ത്രിമാരെ തിരിച്ചു വിളിക്കാന് ഒരു ഗവര്ണര്ക്കും അവകാശമില്ല. ഭരണഘടനയുടെ 163, 164 വകുപ്പ് അനുസരിച്ചാണ് ഈ നിയമനങ്ങളൊക്കെ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ശുപാര്ശ അനുസരിച്ചാണ് ഗവര്ണര് മന്ത്രിമാരെ നിശ്ചയിക്കുന്നതും മന്ത്രിമാരുടെ രാജി അംഗീകരിക്കുന്നതും. അങ്ങനെയല്ലാതെ ഏതെങ്കിലും ഒരു ഗവര്ണര്ക്ക് മന്ത്രിസഭയിലെ അംഗങ്ങളെ തിരിച്ചുവിളിക്കാനുള്ള യാതൊരു അവകാശവുമില്ല. ഗവര്ണര്ക്ക് അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത്. സര്വകലാശാലയിലുള്ള ഇടപെടലും ഇതേപോലെത്തന്നെ. വിവിധ തലങ്ങളില് അമിതാധികാര സ്വഭാവത്തോടുകൂടി ഇടപെടുന്നത് ജനങ്ങള് കണ്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങള് കാര്യങ്ങള് കൃത്യമായി മനസ്സിലാക്കുന്നുണ്ട്. തെറ്റായ പ്രവണതയാണ് ഇവിടെ നടപ്പിലാക്കാന് ശ്രമിക്കുന്നത്. ഭരണഘടന ഉയര്ത്തിപ്പിടിച്ചു കൊണ്ടുതന്നെ ഭരണഘടനാവിരുദ്ധമായ ഇത്തരം നിലപാടുകളേയും നയങ്ങളേയും ചെറുത്തുതോല്പ്പിക്കും. അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ് എന്താണെന്ന് അറിയില്ല. എന്നാല് ഞാന് ആര്.എസ്.എസ്. ആണെന്ന് പരസ്യമായി പറഞ്ഞ ഒരു ഗവര്ണറാണ് കേരളത്തിലേത്. ആര്.എസ്.എസ്. എന്താണോ ഉദ്ദേശിക്കുന്നത് അത് സംഘടനാപരമായി നടപ്പിലാക്കാന് ബാധ്യതയുള്ള ഒരാളെപ്പോലെയാണ് ഇപ്പോള് ഗവര്ണര് പെരുമാറുന്നതെന്ന് ആരെങ്കിലും പറഞ്ഞാല് അത് തെറ്റിദ്ധരിക്കുന്ന ഒന്നാണെന്ന് പറയാന് സാധിക്കില്ല.’

