തെരഞ്ഞെടുപ്പിനായി താൻ കാത്തിരിക്കുകയായിരുന്നു; കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സോണിയ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സോണിയ ഗാന്ധി. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിക്കൊപ്പം വോട്ട് രേഖപ്പെടുത്തി. പാർട്ടി ആസ്ഥാനത്ത് ഒരുക്കിയ പോളിംഗ് ബൂത്തിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.

ഈ തെരഞ്ഞെടുപ്പിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് സോണിയ ഗാന്ധി വോട്ടെടുപ്പിന് ശേഷം പ്രതികരിച്ചു. ഇന്ന് രാവിലെ 10 മണി മുതലാണ് കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. പി ചിദംബരവും ജയറാം രമേശും ഉൾപ്പെടെയുള്ള നേതാക്കൾ വോട്ട് രേഖപ്പെടുത്തി. ചിദംബരം പാർട്ടി ആസ്ഥാനത്താണ് വോട്ട് ചെയ്തത്. പാർട്ടി ജനറൽ സെക്രട്ടറിമാരായ രമേഷ്, അജയ് മാക്കൻ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തുന്നുണ്ട്.

മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ. കോൺഗ്രസിന്റെ 9800 ത്തിൽ അധികം പ്രതിനിധികൾ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനായി വോട്ട് രേഖപ്പെടുത്തും. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോൺഗ്രസിൽ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 19 നാണ് പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നത്.