പോപ്പുലർ ഫ്രണ്ട് ഹർത്താൽ; അക്രമസംഭവങ്ങളിൽ കടുത്ത നിലപാടുകൾ സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ നടന്ന അക്രമസംഭവങ്ങളിൽ കടുത്ത നിലപാടുകൾ സ്വീകരിച്ച് ഹൈക്കോടതി. രജിസ്റ്റർ ചെയ്ത മുഴുവൻ ഹർത്താൽ ആക്രമണക്കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്ന് സർക്കാർ അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പോപ്പലർ ഫ്രണ്ടിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും വസ്തുവകകൾ കണ്ടു കെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നാണ് സർക്കാരിന് ഹൈക്കോടതി നൽകിയിട്ടുള്ള നിർദ്ദേശം.

നവംബർ ഏഴിന് ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി വ്യക്തമാക്കി. പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്. സ്ഥാപനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുകയും നേതാക്കളെ കൂട്ടമായി അറസ്റ്റു ചെയ്തു ജയിലിലടയ്ക്കുകയും ചെയ്തതിനെതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെതിരെ ജസ്റ്റിസ് എ.കെ.ജയശങ്കരൻ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്.

ഹർത്താൽ നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യത്തിനു നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശം നൽകിയിരുന്നു.

അതേസമയം, ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ 2693 പേരാണ് അറസ്റ്റിലായതെന്ന് കേരളാ പോലീസ് അറിയിച്ചു. ഇതുവരെ 361 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പോലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.