രാജ്യത്തെ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ക്കായി 75 യൂണിറ്റുകള്‍; മൂന്നെണ്ണം കേരളത്തില്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ വര്‍ധിപ്പിക്കാനായി രാജ്യത്ത് ആരംഭിച്ച 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളില്‍ മൂന്നെണ്ണം കേരളത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 75 ജില്ലകളിലായി 75 യൂണിറ്റുകളാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. അതില്‍ കളമശ്ശേരി, ചാലക്കുടി, പാലക്കാട്ടെ കുന്നത്തൂര്‍മേട് എന്നിവിടങ്ങളിലാണ് കേരളത്തിലെ യൂണിറ്റുകള്‍ തുടങ്ങിയത്.

‘ഫോണ്‍ ബാങ്കിംഗില്‍ നിന്ന് ഡിജിറ്റല്‍ ബാങ്കിംഗിലേക്കുള്ള മാറ്റം ഇന്ത്യയെ സുസ്ഥിര വികസന പാതയിലെത്തിച്ചു. ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നേരിട്ടെത്തിക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പോലുള്ള സംവിധാനങ്ങള്‍ സുതാര്യത ഉറപ്പാക്കിയിട്ടുണ്ട്യ ഡിബിടി സംവിധാനത്തിലൂടെ ഇതുവരെ 25 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്തു. പി.എം കിസാന്‍ പദ്ധതിയിലൂടെയുള്ള ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൈമാറും’- പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് പേപ്പര്‍ രഹിത യൂണിറ്റിലെത്താം. യൂണിറ്റിലെ ഡിജിറ്റല്‍ സംവിധാനം വഴി സ്വന്തമായി ഇടപാടുകള്‍ നടത്താം. ഇത് സാധിക്കാത്തവര്‍ക്ക് സഹായത്തിന് ആളുണ്ടാകും. സേവിംഗ്‌സ് അക്കൗണ്ട് തുറക്കല്‍, ബാലന്‍സ് പരിശോധിക്കല്‍, പാസ്ബുക്ക് പ്രിന്റിംഗ്, പണം കൈമാറ്റം, സ്ഥിരനിക്ഷേപം, വായ്പ അപേക്ഷ, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍, നികുതി അടക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും. വിവിധ സര്‍ക്കാര്‍ വായ്പാ പദ്ധതികള്‍ക്കും അപേക്ഷിക്കാം.