ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് 45-ാം ദിവസമാണ് ലിസ് ട്രസ് രാജിവെച്ചത്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. രാജി വെച്ചതോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന വിശേഷണം ലിസ് ട്രസ് കരസ്ഥമാക്കി. തന്നെ ഏൽപിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ പ്രധാനമന്ത്രി വരുന്നതുവരെ സ്ഥാനത്തു തുടരുമെന്നും ലിസ് ട്രസ് വ്യക്തമാക്കി.

ഒട്ടേറെ ആരോപണങ്ങളാണ് ലിസിനെതിരെ ഉയർന്നിരുന്നു. നികുതിയിളവുകൾ അശാസ്ത്രീയമാണെന്ന് ആരോപണങ്ങളാണ് പ്രധാനമന്ത്രി ഉയർത്തിയത്. പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്പത്തിക നിലയെ ഇതു കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തൽ.

ഇന്ത്യൻ വംശജൻ ഋഷി സുനാക്കിനെ പിന്തള്ളിയാണ് ബ്രീട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന ലിസ് ട്രസ് പ്രധാനമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലിസ് ട്രസ് വിജയിച്ചത്. 81,326 വോട്ട് ലിസ് ട്രസിന് ലഭിച്ചു. അതേസമയം, 60,399 വോട്ടായിരുന്നു ഋഷി സുനാകിന് ലഭിച്ചത്. രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിൽ കൺസർവേറ്റീവ് പാർട്ടി എംപിമാരുടെ പിന്തുണ മുൻ ധനമന്ത്രിയായ ഋഷി സുനാക്കിനായിരുന്നു. എന്നാൽ, പിന്നീട് ഇതിന് ഇടിവ് സംഭവിക്കുകയായിരുന്നു.

ആദ്യ റൗണ്ട് വോട്ടിങ്ങിൽ 358 എം.പി.മാരിൽ 88 വോട്ടുകൾ നേടി ഋഷി ഒന്നാമതായിരുന്നു. വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ എത്തിയപ്പോൾ ഋഷി സുനാക് 137 വോട്ടും ട്രോസ്സ് 113 വോട്ടുമാണ് കരസ്ഥമാക്കിയത്.