തിരുവനന്തപുരം: വിവാഹിതനായ ശിവശങ്കര് സ്വപ്നയെ താലി കെട്ടിയത് ആള് ഇന്ത്യ സര്വീസ് റൂള് 19 പ്രകാരം ഗുരുതരമായ തെറ്റാണെന്നും ഔദ്യോഗിക യാത്രകളില് കൂടെ കൂട്ടിയത് ചട്ട ലംഘനമാണെന്നും പരാതി. അതിനാല്, ശിവശങ്കറിനെ സസ്പെന്ഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും കോണ്ഗ്രസ് നേതാവ് വീണ നായര് ആവശ്യപ്പെട്ടു. ‘ചതിയുടെ പത്മവ്യൂഹം ‘ എന്ന സ്വപ്നയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്കിയിരിക്കുന്നത്.
എം.ശിവശങ്കര് ചെന്നൈയിലെ ഒരു ക്ഷേത്രത്തില് വച്ച് തന്നെ താലി ചാര്ത്തി എന്നാണ് സ്വപ്ന സുരേഷിന്റെ പുസ്തകത്തില് വെളിപ്പെടുത്തുന്നത്. ഇതോടൊപ്പം ഔദ്യോഗിക യാത്രകള് ദുരുപയോഗപ്പെടുത്തി നിരവധി യാത്രകളില് സ്വപ്ന സുരേഷിനെ കൂടെ കൂട്ടി എന്നും പുസ്തകത്തില് പറയുന്നു.
‘ഐഎഎസ് മാന്വല് ചട്ടം 19 പ്രകാരം വിവാഹിതനായ ഒരു ഉദ്യോഗസ്ഥന് സര്വീസില് തുടരുന്ന കാലം മറ്റൊരു വിവാഹ ബന്ധത്തില് ഏര്പ്പെടാന് പാടുള്ളതല്ല. ഇന്ത്യന് ശിക്ഷ നിയമത്തിലെ 493,494 വകുപ്പുകള് പ്രകാരവും ഇത് കുറ്റകരമാണ്. ഔദ്യോഗിക യാത്രകള് വ്യക്തി താല്പര്യങ്ങള്ക്കായി ഉപയോഗപ്പെടുത്തുന്നത് കുറ്റകരമാണെന്നുമാണ് വീണയുടെ പരാതിയില് ചൂണ്ടിക്കാട്ടുന്നത്.

