തായ്‌വാനിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ചൈനയിലെ ജനങ്ങൾ; വേണ്ടി വന്നാൽ ബലപ്രയോഗം നടത്തുമെന്ന് ചൈനീസ് പ്രസിഡന്റ്

ബെയ്ജിങ്: തായ്‌വാനുമായുള്ള സാമ്പത്തിക-സാംസ്‌കാരിക വിനിമയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ചൈന പ്രതിജ്ഞാബദ്ധമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. തായ്‌വാനിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ചൈനയിലെ ജനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ബലംപ്രയോഗിക്കാനുള്ള അവകാശത്തെ ചൈന ഒരിക്കലും ഉപേക്ഷിക്കില്ലെന്നും എന്നിരുന്നാലും സമാധാനപരമായി തീർപ്പിലെത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബെയ്ജിങ്ങിൽ നടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം പാർട്ടി കോൺഗ്രസിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തായ്‌വാനിലെ ജനങ്ങളെ എല്ലായ്പ്പോഴും കരുതലോടെയും ബഹുമാനത്തോടെയുമാണ് ചൈന പരിഗണിച്ചിട്ടുള്ളത്. പുറത്തു നിന്നുള്ള ശക്തികളുടെ ഇടപെടലുകളെയും തായ്‌വാന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന വളരെ ചെറിയ സംഘത്തിനു നേർക്കും മാത്രമേ ആവശ്യമാകുന്ന പക്ഷം ബലപ്രയോഗം നടത്തുകയുള്ളൂവെന്നും ഷി ജിൻപിങ് അറിയിച്ചു.

എന്നാൽ, ചൈനീസ് പ്രസിഡന്റിന്റെ പ്രസ്താവനകൾക്ക് തക്ക മറുപടിയുമായി തായ്‌വാൻ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും സ്വാതന്ത്ര്യവുമായോ ജനാധിപത്യവുമായോ ബന്ധപ്പെട്ട ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും തായ്‌വാൻ വ്യക്തമാക്കി.