തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തയച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം പി. എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തക ദയാബായി നടത്തുന്ന നിരാഹാരത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് അദ്ദേഹം കത്തയച്ചിട്ടുള്ളത്.
പ്രമുഖ സാമൂഹ്യ പ്രവർത്തക ദയ ഭായ് കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ കീടനാശിനി ബാധിതർക്ക് നീതി ലഭിക്കണമെന്നും അവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞ 13 ദിവസമായി തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിലാണ്. എൻഡോസൾഫാൻ കീടനാശിനിയുടെ ഉപയോഗം നൂറുകണക്കിന് ആളുകളെ ഇല്ലായ്മ ചെയ്യുകയും ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കശുവണ്ടിത്തോട്ടങ്ങളിലും പരിസരങ്ങളിലും താമസിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയുന്ന അവസ്ഥ വിശേഷം ചൂണ്ടി കാണിച്ചു കൊണ്ടാണ് സമരം നടത്തുന്നത്. ഇരകളുടെ ശാരീരികവും മാനസികവുമായ പോരായ്മകൾ വിലയിരുത്താൻ ശാസ്ത്രീയ ഗവേഷണത്തിനും ഇരകൾക്ക് വൈദ്യചികിത്സ നൽകാനും കാസർകോട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു കൊണ്ട് ദയ ഭായ് നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കരുതെന്നും ആവശ്യപ്പെട്ടു കൊണ്ട് ബഹു ഇന്ത്യൻ പ്രധാന മന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രി എന്നിവർക്ക് കത്ത് കൈമാറിയിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.
എൻഡോസൾഫാൻ കീടനാശിനി മൂലം കിടപ്പിലായവർക്കും ശാരീരിക മാനസിക വൈകല്യമുള്ളവർക്കും ആശ്വാസമേകാൻ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ദൈനംദിന പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. എൻഡോ സൽഫാൻ മൂലം മരിച്ചവർക്കും അംഗവൈകല്യം സംഭവിച്ചവർക്കും സാമ്പത്തിക നഷ്ടപരിഹാരം നൽകാൻ കേരള സർക്കാർ ഒപ്പിട്ട കോടതി വിധികളും കരാറുകളും കേരള-കർണാടക സർക്കാരുകൾ മാനിക്കണമെന്നും ദയാ ബായിയും സംഘവും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിജീവനത്തിനായി പോരാടുന്നവരുടെ ന്യായമായ പ്രതിഷേധത്തിന് ആബാല വൃദ്ധം ആളുകളുടെയും എല്ലാ പിന്തുണയും ഉണ്ട്. എന്നാൽ അധികൃതർ സമരത്തെ അവഗണിക്കുകയാണ്. ദയ ഭായിയുമായി ചർച്ച നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണം എന്നു ആവശ്യപ്പെട്ടിട്ടുണ്ട് . കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതരുടെ ദയനീയമായ അവസ്ഥയ്ക്ക് ന്യായമായ പരിഹാരം കാണൂന്നത് വരെ ദയ ഭായ്ക്കൊപ്പം സമര മുഖത്ത് നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

