തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന വിഷയത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ബസുകളിൽ പരസ്യം പതിക്കുന്നതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.
നിലവിലെ ഗതാഗത ചട്ടം അനുസരിച്ച് സർക്കാർ അനുമതിയോടെ വാഹനങ്ങളിൽ പരസ്യം പതിക്കാനാകും. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. റിവ്യൂ ഹർജി നൽകി ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഇവയിലെ അധിക ഫിറ്റിംഗുകളും അനുവദിക്കാനാകില്ലെന്നും കോടതി അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങളിൽ പൊതു-സ്വകാര്യമേഖല വ്യത്യാസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ഏകീകൃത നിറം നൽകുന്നതിന് സാവകാശം നൽകണമെന്ന ടൂറിസ്റ്റ് ബസ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു. എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധിക്കണമെന്നും ബസ് ഉടമകൾ പരിശോധനയുമായി സഹകരിക്കണമെന്നും കോടതി അറിയിച്ചു.ടൂറിസ്റ്റ് ബസുകൾക്ക് വെളള നിറം മാത്രം പോരെന്നും നിയമവിരുദ്ധമായ ശബ്ദസംവിധാനങ്ങളും ലൈറ്റുകളും ഇല്ലെന്നുറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

