ന്യൂഡൽഹി: നിലവിലെ അവസ്ഥയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതായി തനിക്ക് തോന്നുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. രൂപയുടെ മൂല്യത്തകർച്ചയുമായി ബന്ധപ്പെട്ട വാർത്തകളിലാണ് മന്ത്രി ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.
നിലവിലുള്ള രൂപയുടെ അവസ്ഥയെ ഇന്ത്യൻ കറൻസിയുടെ തകർച്ചയായി താൻ കാണുന്നില്ല. ഡോളർ ശക്തിപ്പെട്ടതായാണ് താൻ ഇതിനെ വിലയിരുത്തുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഡോളർ ശക്തിപ്പെട്ടപ്പോൾ മറ്റ് കറൻസികൾക്ക് മൂല്യത്തകർച്ചയുണ്ടായതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
തകർച്ച നേരിട്ടപ്പോഴും മറ്റ് കറൻസികളേക്കാളും ഇന്ത്യൻ രൂപ ഡോളറിനെതിരെ മികച്ച പ്രകടനം നടത്തി. ഈ നേട്ടം കൈവരിക്കാൻ ഏറെ നിർണായകമായത് ആർബിഐയുടെ നടപടികളാണ്. ആർബിഐ രൂപയ്ക്ക് കൂടുതൽ ചാഞ്ചാട്ടം ഇല്ലാതിരിക്കാൻ വേണ്ടി ശക്തമായാണ് ഇടപെടുന്നത്. രൂപയുടെ മൂല്യം നിർണയിക്കുന്നതിന് വേണ്ടിയല്ല ആർ.ബി.ഐ ഇടപെടലുകളെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.

