ദയാബായി നടത്തുന്ന നിരാഹാര സമരം: ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍. സമരം തുടങ്ങി രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇടപെടലുണ്ടാവുന്നത്.

അതേസമയം, സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും ദയാബായി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എയിംസ് പ്രോപ്പോസലില്‍ കാസര്‍കോടിന്റെ പേര് ചേര്‍ക്കണം, ആശുപത്രികളില്‍ വിദഗ്ദ്ധ ചികിത്സാസംവിധാനം ഒരുക്കണം, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പിലായവര്‍ക്കും ദിനപരിചരണ കേന്ദ്രങ്ങള്‍ നിര്‍മിക്കണം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി അടിയന്തരമായി ക്യാംപ് നടത്തണം എന്നിങ്ങനെ നാല് ആവശ്യങ്ങളായി സമരസമിതി ഉന്നയിക്കുന്നത്.

അതിനിടെ, സര്‍ക്കാരിന് പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ദയാബായി ഉന്നയിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയാല്‍ ദയാബായി സമരം അവസാനിപ്പിക്കും. മന്ത്രി നാട്ടില്‍ എത്തിയാലുടന്‍ ഇടപെടണമെന്ന് ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സമരം യു ഡി എഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.