പാകിസ്താൻ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളിലൊന്ന്; ജോ ബൈഡൻ

വാഷിങ്ടൺ: പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പാകിസ്താൻ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു. ലോസ് ആഞ്ജലിസിൽ നടന്ന ഡെമോക്രാറ്റിക് കോൺഗ്രഷണൽ കാമ്പയിൻ കമ്മിറ്റി ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ആണവ ആയുധങ്ങളുടെ ശേഖരത്തെ അടിസ്ഥാനപ്പെടുത്തിയാണ് പാകിസ്ഥാനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്. ലോകത്ത് മറ്റൊരു രാഷ്ട്രത്തലവനുമായും സമയം ചിലവഴിച്ചതിനേക്കാൾ കൂടുതൽ സമയം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമൊത്താണ് താൻ ചെലവഴിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഇറ്റലിയിലെ പുതിയ പ്രസിഡന്റ് ജോർജിയോ മെലോണിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

റഷ്യ-യുക്രൈൻ പ്രതിസന്ധി, ഹംഗറിയിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. അതേസമയം, ബൈഡന്റെ പ്രസ്താവന ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തിട്ടില്ല.