ന്യൂഡൽഹി: സുപ്രധാന പ്രഖ്യാപനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് ശതമാനം ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാമർശം.
ഹിമാചൽ തെരഞ്ഞെടുപ്പിൽ യുവാക്കളുടെയും സ്ത്രീകളുടേയും വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വയോധികരെയും കോളേജ് വിദ്യാർത്ഥികളെയും ബൂത്തുകളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളും നടത്തും.
പോളിംഗ് ബൂത്തുകളിൽ അത്യാവശ്യ സൗകര്യങ്ങൾ തയ്യാറാക്കും. ഗ്രൗണ്ട് ഫ്േളാറിൽ തന്നെ ബൂത്തുകൾ സജ്ജമാക്കും. 80 വയസ്സിന് മുകളിലുള്ളവരുടെ വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിലെത്തും. നടപടികൾ വീഡിയോയിൽ പകർത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ വോട്ടർ ഹെൽപ് ലൈൻ ആപ്പ് പ്രയോജനപ്പെടുത്താമെന്നും കമ്മീഷൻ വ്യക്തമാക്കി.
ആപ്പ് മുഖേന പരാതി നൽകിയാൽ ഒന്നര മണിക്കൂറിനകം നടപടി സ്വീകരിക്കും. കുറഞ്ഞ പോളിംഗ് ശതമാനം ഉള്ള സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കെവൈസി ആപ്പ് വഴി സ്ഥാനാർത്ഥിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും. കേസ് വിവരങ്ങളും സ്വത്ത് സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടെ ഈ ആപ്പിൽ ലഭ്യമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സുവിധാ പോർട്ടൽ വഴി പത്രിക നൽകുകയും റാലികൾക്ക് അനുമതി തേടാം. അഴിമതിമുക്തമായ തെരഞ്ഞെടുപ്പിനു വേണ്ടി ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

