ഇരട്ട നരബലി; അവിശ്വസനീയവും ഞെട്ടലുളവാക്കുന്നതുമായ സംഭവമെന്ന് ഹൈക്കോടതി

കൊച്ചി: പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. സംഭവം അവിശ്വസനീയവും ഞെട്ടലുളവാക്കുന്നതുമാണെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളം എവിടേക്കാണ് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നിലവിൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കാലടി സ്വദേശിയായ റോസ്ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് നരബലിയിൽ കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവന്ത്, ഭാര്യ ലീല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പോലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പിടിയിലാവുകയായിരുന്നു.