കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആരെങ്കിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളും പെടും

തിരുവനന്തപുരം: തന്റെ അശ്ലീലഫോട്ടോ പ്രചരിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലൈന്‍ പലിശക്കാരുടെ ഞെട്ടിക്കുന്ന കടുംകൈ പുറത്ത്. തൃശൂര്‍ സ്വദേശിയായ ഗൃഹനാഥ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം എടുത്ത ഗ്രൂപ്പ് ഫോട്ടോ പ്രൊഫൈല്‍ ആക്കിയിരുന്നു. അതിലുണ്ടായിരുന്ന ഒരു യുവാവിനൊപ്പം യുവതിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.

യുവാവിനെ വിളിച്ചുവരുത്തിയ പൊലീസ് അയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് ശ്രദ്ധയില്‍പ്പെട്ടത്. രണ്ടു പ്രാവശ്യം പതിനായിരം രൂപ ലോണ്‍ എടുത്തത് പലിശ സഹിതം ഇരട്ടിയോളം തിരിച്ചടച്ചെങ്കിലും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. നല്‍കാതെ വന്നതോടെ യുവാവിന്റെ ഫോണിലെ കോണ്‍ടാക്ടുകളും വിശദാംശങ്ങളും ദുരുപയോഗം ചെയ്യുകയായിരുന്നു.

പ്ലേ സ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റ് ഉള്‍പ്പെടെയുള്ള സകലവിവരങ്ങളും അവരുടെ നിയന്ത്രണത്തിലാവും. ആധാര്‍-പാന്‍ കാര്‍ഡുകളുടെ കോപ്പികള്‍ നല്‍കിയാല്‍ വായ്പത്തുക അക്കൗണ്ടിലെത്തും. ഒരാഴ്ച മുതല്‍ ആറുമാസം വരെ തിരിച്ചടവുള്ള വായ്പകള്‍ക്ക് 20 മുതല്‍ 40% വരെയാണ് പലിശ. 10മുതല്‍ 25% വരെ പ്രോസസിംഗ് ചാര്‍ജായി ഈടാക്കും. തിരിച്ചടവ് വീഴ്ചയ്ക്ക് മൂന്നു ശതമാനം വരെ പിഴത്തുക ഈടാക്കും. ഇ.എം.ഐ മുടങ്ങുമ്‌ബോള്‍ ഭീഷണി തുടങ്ങും. കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് മെസേജ് അയയ്ക്കും. അതിലെ ഫോട്ടോകളും വായ്പക്കാരന്റെ ഫോണിലെ ഫോട്ടോകളും അശ്ലീല സൈറ്റുകളിലെത്തും.