കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ വോട്ടര്‍ പട്ടിക അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കി. 9000 ത്തിലധികം പേരുടെ വോട്ടര്‍ പട്ടികയില്‍ 3000ത്തിലേറെ പേരുടെ വിലാസമോ ഫോണ്‍ നമ്പറോ ലഭ്യമല്ലെന്നും, ഇത് തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള നീക്കമെന്നുമാണ് തരൂര്‍ ക്യാമ്പിന്റെ ആരോപണം.
അതിനിടെ, കോട്ടയം പുതുപ്പള്ളില്‍ ശശി തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പര്‍ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിക്കുന്നത്. കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് തരൂര്‍ അധ്യക്ഷനാകണമെന്ന് പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പൊതുനിലപാട് സ്വീകരിക്കുമ്പോഴും താഴേത്തട്ടില്‍ അണികളിലും അനുഭാവികളിലും നിന്ന് തരൂരിന് കിട്ടുന്ന പിന്തുണ നേതൃത്വത്തെ അമ്പരപ്പിക്കുകയാണ്.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥി ശശി തരൂര്‍ ഇന്ന് മഹാരാഷ്ട്രയില്‍ നേതാക്കളെ കണ്ട് വോട്ട് തേടും. രാവിലെ മുതിര്‍ന്ന നേതാവ് സുശീല്‍കുമാര്‍ ശിന്‍ഡെയുടെ വസതിയിലെത്തും. തുടര്‍ന്ന് 12 മണിയോടെയാണ് മുംബൈയിലെ പിസിസി ആസ്ഥാനത്ത് എത്തുക. പിസിസി ഓഫീസിലെ സന്ദര്‍ശനത്തിന് ശേഷം മുംബൈ കോണ്‍ഗ്രസ് ഓഫീസിലും തരൂര്‍ സന്ദര്‍ശിക്കും.

