തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കെപിസിസി. വിഷയത്തിലെ ചാനൽ ചർച്ചകളിൽ നിന്ന് നേതാക്കളെ കെപിസിസി നേതൃത്വം വിലക്കി. ഭാരവാഹികൾ പക്ഷം പിടിക്കുന്നതിനെ നേരത്തെ വിലക്കിയിരുന്നു. ഇപ്പോൾ എല്ലാവർക്കും വിലക്കേർപ്പെടുത്താനാണ് കെപിസിസി ലക്ഷ്യമിടുന്നത്.
അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിദി അവസാനിച്ചു. മുതിർന്ന നേതാവ് മല്ലികാർജുന ഖാർഗെയും ശശി തരൂരും എം.പിയുമാണ് നിലവിൽ മത്സര രംഗത്തുള്ളത്. ഇരുവരെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ മധുസൂദനനൻ മിസ്ത്രിയാണ് ഇവരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത്.
ഇരു സ്ഥാനാർത്ഥികൾക്കും ഇനി മുതൽ ഔദ്യോഗികമായി പ്രചാരണം നടത്താം. ഒക്ടോബർ 17 നാണ് തെരഞ്ഞെടുപ്പ്. 17ന് രഹസ്യ ബാലറ്റ് വഴിയായിരിക്കും വോട്ടെടുപ്പ് നടക്കുന്നത്. 19 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ബാലറ്റ് വഴി വോട്ട് ചെയ്യാൻ സൗകര്യം ഉണ്ടാകും. എ.ഐ.സി.സി ആസ്ഥാനവും ഭാരത് ജോഡോ ബൂത്തും ഉൾപ്പെടെ 69 ബൂത്തുകൾ സജ്ജമാക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, പരസ്യ പിന്തുണ ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കൾക്കെതിരെ ശശി തരൂർ പരാതി നൽകിയിട്ടില്ലെന്ന് മധുസൂദൻ മിസ്ത്രി പറഞ്ഞു. മറ്റൊരു സംസ്ഥാനത്തെ കുറിച്ച് തരൂർ പരാതി നൽകിയിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

