ശ്രീഹരിക്കോട്ടയ്ക്ക് പുറമേ മറ്റൊരു ‘സ്പേസ് പോര്‍ട്ട്’ കുലശേഖരത്ത്; തയ്യാറെടുപ്പുകളുമായി കേന്ദ്രം

ന്യൂഡല്‍ഹി: കൃത്രിമോപഗ്രഹങ്ങളുമായുള്ള റോക്കറ്റ് വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയ്ക്ക് പുറമേ മറ്റൊരു ‘സ്പേസ് പോര്‍ട്ട്’ കൂടി തമിഴ്‌നാട്ടിലെ കുലശേഖരത്ത് ഒരുക്കാനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്രം. വിക്ഷേപണ കേന്ദ്രം സജ്ജീകരിക്കുന്നതിനായി ആവശ്യമുള്ള 2,350 ഏക്കറില്‍ 1,950 ഏക്കര്‍ ഭൂമി ഇതിനകം ഏറ്റെടുത്തു. ഇത് സംബന്ധിച്ച വിവരം കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് രാജ്യസഭയില്‍ വെളിപ്പെടുത്തി. 2024-25 ഓടെ രാജ്യത്തെ രണ്ടാമത്തെ സ്പേസ് പോര്‍ട്ട് റോക്കറ്റ് വിക്ഷേപണത്തിന് സജ്ജമാകും.

അതേസമയം, ശീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റുകള്‍ കിഴക്കോട്ട് കടലിന് മുകളിലൂടെയാണ് പറക്കുന്നത്. അതിനാല്‍ എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ റോക്കറ്റും അതിന്റെ അവശിഷ്ടങ്ങളും കടലിലാണ് വീഴുക. എന്നിരുന്നാലും ഐ എസ് ആര്‍ ഒയുടെ ഭാവി പദ്ധതികള്‍ക്ക് ശ്രീഹരിക്കോട്ടയെ കൂടാതെ മറ്റൊരു സ്ഥലം കൂടി ആവശ്യമാണ്. ചെറു റോക്കറ്റുകളും, ഒപ്പം ശ്രീലങ്കയുമാണ് രണ്ടാമത്തെ സ്പേസ് പോര്‍ട്ടിനായി ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. ശ്രീഹരിക്കോട്ടയില്‍ നിന്നും റോക്കറ്റ് ദക്ഷിണധ്രുവത്തിലേക്ക് നീങ്ങുമ്‌ബോള്‍ ശ്രീലങ്കക്ക് മുകളിലൂടെ പറക്കുന്നത് വലിയ അപകട സാദ്ധ്യത വിളിച്ചു വരുത്തുന്നതാണ്. അതിനാല്‍ ലങ്കന്‍ ഭൂപ്രദേശം ഒഴിവാക്കാനായുള്ള പ്രോഗ്രാം ചെയ്താണ് ഇന്ത്യ റോക്കറ്റ് വിക്ഷേപിക്കുന്നത്.

എന്നാല്‍, ചെറിയ റോക്കറ്റുകള്‍ക്ക് ഇത് വിജയകരമായി നടപ്പാക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. ഇത്തരം ചെറിയ റോക്കറ്റുകള്‍ നേര്‍രേഖയില്‍ വിക്ഷേപിക്കാന്‍ കഴിയുന്ന ഒരു സ്ഥലം ഇന്ത്യ അന്വേഷിച്ചപ്പോഴാണ് കുലശേഖരത്തെത്തുന്നത്. തൂത്തുക്കുടി ജില്ലയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.