ലോകം മാന്ദ്യത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സഭ. റഷ്യ യുക്രൈൻ യുദ്ധത്തിന് പിന്നാലെയുണ്ടായ ഇന്ധന വിലക്കയറ്റം ആഗോളതലത്തിൽ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഭക്ഷണം, യാത്ര, അടിസ്ഥാനാവശ്യങ്ങൾ എന്നിവയുടെ ചെലവേറിയത് അമേരിക്കയിലും യൂറോപ്പിലും യുകെയിലും സാധാരണ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര നാണയ നിധി, ഐക്യരാഷ്ട്ര സംഘടന തുടങ്ങിയവയെല്ലാം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചില സാമ്പത്തിക വിദഗ്ധരും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നു. പലിശ വർധന അടക്കം വീണ്ടു വിചാരമില്ലാതെ നടപ്പാക്കുന്ന കേന്ദ്ര ബാങ്കുകളുടെ നയങ്ങൾ ഇനിയും സ്ഥിതി രൂക്ഷമാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആഗോള നിക്ഷേപക ബാങ്കായ ക്രെഡിറ്റ് സ്യൂയിസ് തകരുന്നു എന്ന ഊഹങ്ങളും പ്രചരിക്കുന്നുണ്ട്. നിക്ഷേപകരുടെ സമ്പത്ത് വളർത്താൻ സഹായിക്കുന്ന ക്രെഡിറ്റ് സ്യൂയിസ് പോലുള്ള സാമ്പത്തിക സ്ഥാപനം തകർന്നാൽ അത് വലിയ തിരിച്ചടി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

