കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സിബിഐ നോട്ടീസ്. ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി. ശിവശങ്കർ നാളെ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കേന്ദ്ര അന്വേഷണ ഏജൻസി വ്യക്തമാക്കി.
രാവിലെ 10.30 ന് ചോദ്യം ചെയ്യലിനായി സിബിഐ ഓഫീസിലെത്തണമെന്ന് നോട്ടീസിൽ നിർദ്ദേശിക്കുന്നു. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷന്റെ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമിക്കുന്നതിന് കരാർ നൽകിയതിൽ കോടിക്കണക്കന് രൂപ ഇടനിലപ്പണം ശിവശങ്കർ കൈപ്പറ്റിയെന്നാണ് പരാതി. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നാണ് സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിക്കുന്ന ആരോപണം.
തുടർന്നാണ് സിബിഐ ശിവശങ്കറിന് നോട്ടീസ് നൽകിയത്. സാമ്പത്തിക ഇടപാടിന്റെ മുഴുവൻ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് സിബിഐയുടെ തീരുമാനം.

