സംഘര്‍ഷ സാധ്യത; കോഴിക്കോട്ടെ സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സദസ്സ് റദ്ദാക്കി

കോഴിക്കോട്: സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങള്‍ വൈകിട്ട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സദസ്സ് റദ്ദാക്കി. പൗരാവകാശ വേദി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

നിരോധിത തീവ്രവാദ സംഘടനകളെ വെളളപൂശാനുളള ഇത്തരം സമ്മേളനങ്ങള്‍ നിയമവിരുദ്ധമാണെന്നും പൊലീസ് ഇടപെട്ട് തടയണമെന്നു ആവശ്യപ്പെട്ട് പരിപാടിക്ക് എതിരെ ബിജെപി ഡിജിപിക്കും എന്‍ഐഎയ്ക്കും പരാതി നല്‍കിയിരുന്നു. .

അതേസമയം, എം കെ രാഘവന്‍ എം പി, മുനവറലി തങ്ങള്‍, കെ കെ രമ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്. വിഷയം ഡിജിപിയുടേയും, എന്‍ഐഎയുടേയും ശ്രദ്ധയില്‍ പെടുത്തുകയും പങ്കെടുക്കുമെന്ന് പറഞ്ഞിരുന്ന ജനപ്രതിനിധികളോടും സമ്മേളനത്തിന്റെ അപകടം അറിയിച്ചുവെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വികെ സജീവന്‍ അറിയിച്ചു.