ബംഗളൂരു: സോണിയാ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിക്കാനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസിന്റെ ശക്തി പ്രകടനമാക്കി മാറ്റിയാണ് കർണാടകയിൽ കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ പേരിൽ ഭിന്നിച്ച് നിൽക്കുന്ന നേതൃത്വം ജോഡോ യാത്രയോടെ ഒരുമിക്കുമെന്ന് കോൺഗ്രസിന്റെ പ്രതീക്ഷ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദി കൂടിയാണ് കോൺഗ്രസ് ഭാരത് ജോഡോ യാത്രയെ കാണുന്നത്. ബിജെപിയെ കടന്നാക്രമിച്ചായിരുന്നു രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ സംസാരിച്ചത്. കമ്മീഷൻ അഴിമതിയും രാഷ്ട്രീയ നിയമനങ്ങളും അദ്ദേഹം പൊതുയോഗത്തിൽ ഉയർത്തിക്കാട്ടി.
21 ദിവസമാണ് കർണാടകയിൽ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി രാഹുൽ ഗാന്ധിയും സംഘവും യാത്ര നടത്തും. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്ര തുടങ്ങിയത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കാൽനടയാത്രയിൽ പങ്കെടുക്കുന്നത്.
150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. 3,570 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30 ന് കശ്മീരിൽ യാത്രക്ക് സമാപനമാകും.

