പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ നടന്ന അക്രമ സംഭവങ്ങൾ; പ്രതികളുടെ വിവരങ്ങൾ ശേഖരിച്ച് എൻഐഎ

ന്യൂഡൽഹി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായി വിവരം. പോപ്പുലർ ഫ്രണ്ടിന്റെ താഴേതട്ടിലെ പ്രവർത്തനങ്ങളെ കുറിച്ച് കൃത്യമായ ധാരണ ലഭിക്കാൻ ഈ നീക്കം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പിഎഫ്‌ഐ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് നടത്തിയ ഹർത്താലിലെ അക്രമസംഭവങ്ങളും ഇതിലെ പ്രതികളെയും കുറിച്ചുള്ള വിവരങ്ങളീണ് എൻഐഎ അന്വേഷിക്കുന്നത്.

അതേസമയം, അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് എ അബ്ദുൽ സത്താറിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. യുഎപിഎ കേസിലാണ് അബ്ദുൽ സത്താർ അറസ്റ്റിലായത്. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി അനുവദിച്ചത്. അബ്ദുൽ സത്താറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ച് ദിവസത്തേക്ക് കസ്റ്റഡി അനുവദിക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് ഇയാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് എൻഐഎ അപേക്ഷ സമർപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആണ് അബ്ദുൽ സത്താർ.