നിരാശപ്പെടുത്തില്ല, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം: ശശി തരൂര്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ഈ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെത്തി അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം. പിന്തുണച്ച ആരെയും നിരാശപ്പെടുത്തില്ല. കോണ്‍ഗ്രസില്‍ പുതുജീവന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 12 സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ തന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ സമഗ്ര മാറ്റത്തിന് വേണ്ടി പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി. അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറില്ല. ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്നും നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നും പാര്‍ട്ടി അധ്യക്ഷ നേരത്തെ ഉറപ്പു നല്‍കിയിരുന്നു. അവരില്‍ പൂര്‍ണ വിശ്വാസമുണ്ട്. കോണ്‍ഗ്രസിനെക്കുറിച്ച് എനിക്കൊരു കാഴ്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്‌നമല്ല. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശബ്ദമായാണ് ഞാന്‍ മത്സരിക്കുന്നത്. മാറ്റം ആഗ്രഹിക്കുന്നവര്‍ എനിക്ക് വോട്ടുചെയ്യും. കോണ്‍ഗ്രസിനെ ഒരുമിച്ച് ഒരുകുടക്കീഴില്‍ നിര്‍ത്തി ശക്തമാക്കി അധികാരത്തിലേക്ക് തിരികെ കൊണ്ടുവരുക എന്നതാണ് ലക്ഷ്യം’- തരൂര്‍ വ്യക്തമാക്കി.

അതേസമയം, പ്രത്യേക പ്രകടനപത്രികയും തരൂര്‍ പുറത്തിറക്കിയിട്ടുണ്ട്. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.