ഗുണ്ടൽപ്പേട്ട്: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചു. മേൽകമ്മനഹള്ളിയിൽ വെച്ച് കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയ്ക്ക് സ്വീകരണം നൽകി. ഗുണ്ടൽപേട്ടിൽ നിന്നാണ് രാഹുലിന്റെ പദയാത്ര ആരംഭിച്ചത്.
കാൽനടയാത്രയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കാളിയായി. 21 ദിവസമാണ് കർണാടകയിൽ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കർണാടകയിലെ ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി ഭാരത് ജോഡോ യാത്ര സഞ്ചരിക്കും. അതേസമയം, കർണാടകയിലെ കർഷക നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.
കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളിൽ ഭാരത് ജോഡോ യാത്രയിൽ പങ്കുചേരാൻ കർണാടകയിലെത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

