തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ മുതിർന്ന നേതാവ് സി ദിവാകരൻ. നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നേക്കാൾ ജൂനിയറാണെന്നും തന്നെ ഒതുക്കാമെന്ന് ആരും കരുതേണ്ടെന്നും സി ദിവാകരൻ പറഞ്ഞു. സിപിഐ 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം ഈ മാസം 30 മുതൽ ഒക്ടോബർ 3 വരെ തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് കാനത്തിനെതിരെയുള്ള എതിർപ്പുകൾ മറനീക്കി പുറത്തു വരുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമാണ്. ഒരാൾ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. കാനം രാജേന്ദ്രൻ തന്നേക്കാൾ ജൂനിയറാണ്. തിരുത്താൻ നോക്കിയപ്പോൾ തയ്യാറായില്ല. പിന്നെ ഇടപെടാൻ ശ്രമിച്ചില്ല. പ്രായപരിധി നിർദ്ദേശം അംഗീകരിക്കില്ലെന്നും തന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പദവിയിൽ പ്രായപരിധിയുണ്ടോയെന്ന് ദേശീയ നേതൃത്വം പറയട്ടെ. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇക്കുറി മത്സരം നടക്കും. ജില്ലാ സമ്മേളനങ്ങളിൽ നടന്ന ആരോഗ്യപരമായ ചർച്ചകൾ സംസ്ഥാന സമ്മേളനത്തിലും നടക്കുമെന്നാണ് കരുതുന്നത്. പ്രായത്തിന്റെ പേരിൽ ആരും തർക്കിക്കാൻ ഒന്നുമില്ല. എനിക്ക് 75 കഴിഞ്ഞു. എന്നാൽ പ്രായപരിധി നിശ്ചയിച്ച് ഉപരിസമിതികളിലേക്ക് ആളെ എടുക്കുന്നതാണ് തർക്കവിഷയം. ചൈനയിലോ സോവിയറ്റ് യൂണിയനിലോ ഞാൻ പോയ കമ്യൂണിസ്റ്റ് രാജ്യങ്ങളിലോ ഒന്നും താൻ അത്തരമൊരും കാര്യം കണ്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്നെ വെട്ടാൻ പലപ്പോഴും നോക്കിയിട്ടുണ്ട്. താൻ അതിലൊന്നും വീണിട്ടില്ല. മുൻപ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിൽ നിന്ന് മാറിയത് തെറ്റായി തോന്നുന്നില്ല. അന്ന് മാറിക്കൊടുത്തതിന്റെ ഫലമായി തന്നെ ഇനി ഒരു കാലത്തും വരാൻ പാടില്ലെന്ന് ആഗ്രഹിക്കുന്നവർ പാർട്ടിയിലുണ്ട്. ഒരു കുടുംബത്തിൽ പ്രായമായ ആളുകൾക്കാണ് ഒന്നാം സ്ഥാനം. നമ്മുടെ സംസ്കാരം അതാണ്. പിന്നെന്തിനാണ് ഇവിടെ അത്തരമൊരു നിർദ്ദേശം. ആഗ്രഹിക്കുന്ന അപൂർവം ചിലർ പാർട്ടിയിലുണ്ട്.
കഴിയുന്നത്ര യോജിച്ച് പോകണമെന്ന അഭിപ്രായക്കാരനാണ് താൻ. നേതൃമാറ്റം എല്ലാ പാർട്ടിക്കും എപ്പോഴും ആവശ്യമാണ്. താൻ തന്നെയാകണമെന്ന ആക്രാന്തം ആർക്കും ശരിയല്ല. കോൺഗ്രസിന് പോലും ശരിയല്ല. തുടർച്ചയാണോ മറ്റാരെങ്കിലും വേണോ എന്ന കാര്യമൊക്കെ സംസ്ഥാന സമ്മേളനം തീരുമാനിക്കും. 75 വയസ് നിബന്ധന നടപ്പാക്കുന്നതിന് താനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

