ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അനുമതി; കോന്നി മെഡിക്കല്‍ കോളേജില്‍ ഉടന്‍ എംബിബിഎസ് പ്രവേശനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അനുമതി. 100 സീറ്റുകളാണ് അനുവദിച്ചത്. ഇതേത്തുടര്‍ന്ന് ഈ അധ്യയന വര്‍ഷം മുതല്‍ എംബിബിഎസ് പ്രവേശനം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോജ് ഡല്‍ഹിയില്‍ അറിയിച്ചു.

‘ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകള്‍ക്കായി ഈ വര്‍ഷം 200 അധിക സീറ്റുകള്‍ സംസ്ഥാനത്തിന് ലഭിച്ചു. പാരിപ്പള്ളിയിലും മഞ്ചേരിയിലും നേഴ്സിംഗ് കോളേജിനും അനുമതി ലഭിച്ചിരുന്നു. സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ .ആവശ്യപ്പെടും. സര്‍ക്കാരിനെയും സംസ്ഥാനത്തെയും സംബന്ധിച്ച് ആരോഗ്യമേഖലയിലെ വലിയ നേട്ടമായാണ് കണക്കാക്കുന്നത്’- മന്ത്രി പ്രതികരിച്ചു.

അതേസമയം, 250 കോടി രൂപയിലധികം വരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കോന്നി മെഡിക്കല്‍ കോളജില്‍ നടത്തിയത്. മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണത്തിന് പാരിസ്ഥിതിക അനുമതി ലഭ്യമാക്കുകയും ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ആശുപത്രി വികസന സമിതി രൂപീകരിക്കുകയും ചെയ്തു. ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ബുക്കുകള്‍, ക്ലാസ് റൂം, ലേബര്‍റൂം, ബ്ലെഡ് ബാങ്ക്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍, ലാബ് ഉപകരണങ്ങള്‍ മുതലായവ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയില്‍ നിന്നും പ്രത്യേകമായി ലഭ്യമാക്കിയിട്ടുണ്ട്. ഇന്റേണല്‍ റോഡ്, എസ്.ടി.പി., പ്രവേശന കവാടം മുതലായവ നിര്‍മ്മിക്കുന്നതിന് 15,50,76,322 രൂപയുടെ ഭരണാനുമതി നല്‍കി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.