ചൈനയിൽ വ്യാപകമായി വിമാന സർവീസുകൾ റദ്ദാക്കി; ചൈനയിൽ അട്ടിമറിയെന്ന് റിപ്പോർട്ടുകൾ

ബെയ്ജിംഗ്: ചൈനയിൽ വ്യാപകമായി വിമാന സർവീസുകൾ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിലാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന പ്രചാരണങ്ങളുമുണ്ട്.

സെപ്തംബർ 21 ന് ചൈനയിൽ 9583 വിമാനങ്ങൾ റദ്ദാക്കിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ വിമാന സർവ്വീസിന്റെ 60 ശതമാനത്തോളം റദ്ദാക്കിയെന്നും ഹൈസ്പീഡ് റെയിൽ സർവീസ് നിർത്തിവെച്ചെന്നുമാണ് സൂചന. ഷാങ്ഹായി വിമാനത്താവളത്തിൽനിന്ന് 652 വിമാനങ്ങളും ഷെൻസൻ ബാഹോ വിമാനത്താവളത്തിൽനിന്ന് 542 വിമാനങ്ങളും റദ്ദാക്കിയതായാണ് വിവരം. ചൈനയിലെ വിവിധ പ്രവിശ്യകളിൽ അടുത്തിടെയുണ്ടായ കോവിഡ് കേസുകളിലെ വർധനവാണ് വിമാനസർവീസുകൾ റദ്ദാക്കാൻ കാരണമെന്ന വിവരവും പുറത്തു വരുന്നുണ്ട്.

ചൈനയിൽ ഭരണ അട്ടിമറി നടന്നതായും പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിലാണെന്നുമുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞദിവസം മുതലാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷി ജിൻപിങ് ഉസ്ബെക്കിസ്താനിൽ പോയപ്പോഴാണ് അട്ടിമറിക്ക് ഗൂഢാലോചന നടന്നത്. മുൻ പ്രസിഡന്റ് ഹു ജിന്താവോയും മുൻ പ്രധാനമന്ത്രി വെൻ ജിബാവോയും ചേർന്ന് മുൻ പൊളിറ്റ് ബ്യൂറോ അംഗം സോങ് പിങ്ങിനെ കൂട്ടുപിടിച്ച് സെൻട്രൽ ഗാർഡ് ബ്യൂറോയുടെ (സി.ജി.ബി.) നിയന്ത്രണം ഏറ്റെടുത്തു.

സിജിബിയ്ക്കാണ് പ്രസിഡന്റിന്റെയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സ്ഥിരംസമിതി അംഗങ്ങളുടെയും സുരക്ഷാ ചുമതല ഉസ്‌ബെകിസ്താനിൽ നിന്ന് മടങ്ങിയെത്തിയത്. ഷി ജിൻപിങ്ങിനെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുകയും പിഎൽഎയുടെ മേധാവിത്വത്തിൽ നിന്ന് നീക്കുകയും ചെയ്തുവെന്നാണ് വിവരം.