പോപ്പുലർ ഫ്രണ്ട് പ്രതിഷേധത്തിനിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം; കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര

മുംബൈ: പൂനെയിൽ വെള്ളിയാഴ്ച നടന്ന പോപ്പുലർ ഫ്രണ്ട് പ്രതിഷേധത്തിനിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിച്ചിരുന്നു. തുടർന്നാണ് മഹാരാഷ്ട്ര സർക്കാർ വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.

ഇത്തരം പ്രവർത്തികൾ സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു, മുദ്രാവാക്യം വിളിച്ചവരെ വെറുതെ വിടില്ലെന്ന് ആഭ്യന്തരമന്ത്രി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വ്യക്തമാക്കി. സാമൂഹിക വിരുദ്ധരായ ആളുകളാണ് ഇത്തരം മുദ്രാവാക്യങ്ങൾ ഉയർത്തുന്നത്. പോലീസ് ഇവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും. ഛത്രപതി ശിവജിയുടെ നാട്ടിൽ പാക് അനുകൂല മുദ്രാവ്യാക്യങ്ങൾ ഉയർത്തുന്നത് വെച്ചുപെറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചിട്ടുണ്ട്.

അതേസമയം, തങ്ങൾ സമാധാനത്തിനൊപ്പമാണെന്നും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന സംഘടനകളെ യുഎപിഎ നിയമപ്രകാരം നിരോധിക്കണമെന്നും മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയും വ്യക്തമാക്കി.