സാമ്പത്തിക പ്രതിസന്ധി; ബസുകളില്‍ നിന്ന് ലഭിച്ച സ്വര്‍ണം ലേലം ചെയ്യാനൊരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കെഎസ്ആർടിസി തങ്ങളുടെ പക്കലുള്ള സ്വർണ്ണം ലേലം ചെയ്യാനൊരുങ്ങുന്നു. സെപ്തംബർ 30 ന് ട്രാൻസ്‌പോർട്ട് ഭവനിലാണ് ലേലം നടക്കുന്നത്. കെഎസ്ആർടിസി ബസുകളിൽ നിന്നും സ്റ്റാൻഡുകളിൽ നിന്നും കളഞ്ഞുകിട്ടിയ ഉടമസ്ഥനില്ലാത്ത 363 ഗ്രാം സ്വർണവും 242.76 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് കെഎസ്ആർടിസി ലേലത്തിൽ വെക്കുക.

2012 ഒക്ടോബർ മുതൽ 2019 ഓഗസ്റ്റ് വരെ ലഭിച്ച ആഭരണങ്ങളാണ് ലേലത്തിൽ വിൽക്കുന്നത്. ഒരു കോടിയിലധികം രൂപയുടെ വരുമാനമാണ് ലേല നടപടികളിലൂടെ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. കെഎസ്ആർടിയുടെ പക്കലുള്ളവയിൽ ഏറിയ പങ്കും 22 കാരറ്റ് മൂല്യമുള്ള സ്വർണമാണ്. അടിസ്ഥാന വില മുൻകൂട്ടി പറയാൻ കഴിയില്ലെന്നും ലേലം നടക്കുന്ന ദിവസത്തെ സ്വർണവില കണക്കാക്കിയാകും ആഭരണങ്ങളുടെ അടിസ്ഥാന വില നിശ്ചയിക്കുകയെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

കളഞ്ഞു കിട്ടിയ മൊബൈൽ ഫോണുകൾ, ലാപ്ടോപ്, വസ്ത്രങ്ങൾ, കുട, പഴ്സ് എന്നിവ മൂന്ന് മാസം കൂടുമ്പോൾ കെഎസ്ആർടിസി ലേലം ചെയ്യാറുണ്ട്. അതേസമയം, നേരത്തെ ആഭരണങ്ങളുടെ ലേലത്തിലൂടെ 70 ലക്ഷം രൂപയോളം കെഎസ്ആർടിസിക്ക് ലഭിച്ചിരുന്നു.