മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച മികച്ച സാമാജികൻ; ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് നേതാക്കൾ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു അദ്ദേഹം. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

അതേസമയം, ആര്യാടൻ മുഹമ്മദിന്റെ വിയോഗം കോൺഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കോൺഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടൻ. മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രഞ്ജൻ, ട്രേഡ് യൂണിയൻ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകൾകൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.

2004 ലെ യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുൻകൈ എടുത്തു. ശക്തമായ നിലപാടുകൾ കൊണ്ട് സ്വയം അടയാളപ്പെടുത്തിയ നേതാവാണ് ആര്യാടൻ മുഹമ്മദെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പുരോഗമനപരവും മതേതരവുമായ സമീപനവും ജനഹിതം നന്നായി അറിഞ്ഞുള്ള പ്രവർത്തനവും കൊണ്ട് സർവരുടെയും ആദരം നേടിയ നേതാവായിരുന്നു അദ്ദേഹമെന്ന് ഗവർണർ വ്യക്തമാക്കി.