റിലീസ് ചെയ്തു, ഇനി തടയാനാവില്ല; ; ‘കുറുപ്പ്’ ചിത്രത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

‘കുറുപ്പ്’ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിനിമ റിലീസ് ചെയ്തതിനാല്‍ ഇനി പ്രദര്‍ശനം തടയുനാകില്ലെന്ന് കോടതി അറിയിച്ചു. എറണാകുളം സ്വദേശി സെബിന്‍ തോമസ് ആണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

സുകുമാരക്കുറുപ്പിന്റെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘിക്കുമെന്ന് ആരോപിച്ചാണ് സെബിന്‍ ഹര്‍ജി നല്‍കിയത്. ജനുവരിയില്‍ നല്‍കിയ ഹര്‍ജി ഇന്നാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. ചിത്രം റിലീസ് ചെയ്തതിനാല്‍ ഹര്‍ജിക്ക് പ്രസക്തി നഷ്ടമായെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ഇപ്പോഴും പ്രസക്തമാണെന്ന ഹര്‍ജിക്കാരന്റെ വാദം തള്ളിയാണ് കോടതി ഹര്‍ജി തള്ളിയത്. 2021 നവംബര്‍ 12നാണ് ‘കുറുപ്പ്’ തിയറ്ററുകളില്‍ റിലീസ് ചെയ്തത്.