2023ലെ ഐപിഎല്‍ ലേലം ഡിസംബറിലെന്ന് റിപ്പോര്‍ട്ട്

2023 സീസണിലെ ഐപിഎല്‍ ലേലം ഈ വര്‍ഷം ഡിസംബറില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, എവിടെ വെച്ചാവും നടക്കുക എന്ന് വ്യക്തമല്ല. വരുന്ന സീസണ്‍ മുതല്‍ ഐപിഎല്‍ വീണ്ടും പഴയ ഹോം- എവേ രീതിയിലാവും നടത്തുക എന്ന് നേരത്തേ ബിസിസിഐ അറിയിച്ചിരുന്നു. വരുന്ന സീസണിലെ ഐപിഎല്‍ മാര്‍ച്ച് അവസാനം ആരംഭിക്കുമെന്നാണ് സൂചന.

അതേസമയം, വനിതാ ഐപിഎല്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഏറെക്കാലമായി ക്രിക്കറ്റ് ആരാധകരും താരങ്ങളും ആവശ്യപ്പെടുന്നതാണ് വനിതാ ഐപിഎല്‍. ഫ്രാഞ്ചൈസി രീതിയില്‍ വനിതാ ഐപിഎല്‍ അടുത്ത വര്‍ഷം ആദ്യം നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.