ഓസ്‌കാര്‍ നോമിനേഷനിലേക്ക് ‘റോക്കട്രി’യും ‘കശ്മീര്‍ ഫയല്‍സും’ ഉള്‍പ്പെടുത്തണമായിരുന്നു: മാധവന്‍

ഓസ്‌കാര്‍ നാമനിര്‍ദേശവുമായി ബന്ധപ്പെട്ട് മാധവന്‍ നടത്തിയ പരമാര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ഇപ്പോള്‍. ഓസ്‌കാര്‍ നോമിനേഷനിലേക്ക് ഇന്ത്യയ്ക്ക് ‘റോക്കട്രി’ സിനിമ നിര്‍ദേശിക്കാമായിരുന്നുവെന്നും ഒപ്പം പരിഗണനയില്‍ കാശ്മീര്‍ ഫയല്‍സും ഉള്‍പ്പെടുത്തണമായിരുന്നു എന്നുമാണ് മാധവന്‍ പറഞ്ഞത്.

‘റോക്കട്രി എന്ന സിനിമയും സഹനടനായ ദര്‍ശന്‍ കുമാറിന്റെ ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രവും ഓസ്‌കാറിനായി പരിഗണിക്കണം. ദര്‍ശനും ഞാനും അവരവരുടെ സിനിമകള്‍ക്കായുള്ള പ്രചാരണങ്ങള്‍ ആരംഭിക്കുകയാണ്. ഗുജറാത്തി ചിത്രമായ ‘ചെല്ലോ ഷോ’യുടെ നിര്‍മ്മാതാക്കള്‍ക്ക് ആശംസകള്‍ നേരുന്നു, അവര്‍ വിജയിച്ച് ഇന്ത്യയ്ക്ക് അഭിമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ സിനിമാ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെക്കേണ്ട സമയമാണിത്,’ താരം കൂട്ടിച്ചേര്‍ത്തു.

നമുക്ക് ഇന്ത്യയില്‍ തത്തുല്യമോ അതിലും മികച്ചതോ ആയ ഓസ്‌കാര്‍ ഉണ്ട്. നമ്മള്‍ കുറേയായി അതിനായി ശ്രമിക്കുന്നുമുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഓസ്‌കാര്‍ നേടുന്ന ഏതൊരാള്‍ക്കും അവരുടെ വളര്‍ച്ച, വരുമാനം, ശമ്ബളം, വ്യവസായത്തില്‍ മുന്നോട്ട് പോകുന്ന രീതി എന്നിവയില്‍ വലിയ വ്യത്യാസമുണ്ടാകുന്നു എന്നതാണ് ഒരേയൊരു വ്യത്യാസം,’മാധവന്‍ വ്യക്തമാക്കി. ‘ധോക്ക: റൗണ്ട് ദി കോര്‍ണര്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാധവന്‍ ഇക്കാര്യം പറഞ്ഞത്.