ന്യൂസിലാന്‍ഡ് എ ടീമിനെ തകര്‍ത്ത് സഞ്ജുവിന്റെ പട

ചെന്നൈ: മൂന്ന് ഏകദിനങ്ങളുടെ പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡ് എ ടീമിനെ ഏഴുവിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ എ ക്രിക്കറ്റ് ടീം. ചെന്നൈയില്‍ ടോസ് നേടിയ സഞ്ജുവും സംഘവും കിവീസിനെ ബാറ്റിംഗിനിറക്കി 40.2 ഓവറില്‍ 167ന് ആള്‍ഔട്ടാക്കിയശേഷം 31.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

8.2 ഓവറില്‍ ഒരു മെയ്ഡനടക്കം 32 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ പേസര്‍ ശാര്‍ദ്ദൂല്‍ താക്കൂറും ഏഴോവറില്‍ 30 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് സെന്നും ചേര്‍ന്നാണ് കിവികളുടെ ചിറകൊടിച്ചത്. സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഒരു വിക്കറ്റ് ലഭിച്ചു.27 റണ്‍സെടുക്കുന്നതിനിടെ കിവീസിന് ആദ്യ അഞ്ചുവിക്കറ്റുകള്‍ നഷ്ടമായിരുന്നു. 19-ാം ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന നിലയിലായ ടീമിനെ ഒമ്ബതാം വിക്കറ്റില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്ത മൈക്കേല്‍ റിപ്പണും (61) ജോ വാക്കറും (36) ചേര്‍ന്നാണ് 167ലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ഇന്ത്യ എയ്ക്ക് പൃഥ്വി ഷായെ (17) എട്ടാം ഓവറില്‍ നഷ്ടമായെങ്കിലും റിതുരാജ് ഗെയ്ക്ക്വാദ്(41),രാഹുല്‍ ത്രിപാതി (31),സഞ്ജു സാംസണ്‍(29),രജത് പാട്ടീദാര്‍ (45) എന്നിവരുടെ പോരാട്ടം ഇന്ത്യയെ 109 പന്തുകള്‍ ശേഷിക്കേ വിജയത്തിലെത്തിച്ചു.