തിരുവനന്തപുരം: ഹർത്താൽ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ നിർബന്ധമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
സമരക്കാർ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതിരിക്കാൻ പോലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല റേഞ്ച് ഡിഐജിമാർ, സോണൽ ഐജിമാർ, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവർക്കാണ്.
അതേസമയം, നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലുമായി ബന്ധപ്പെട്ട് വാട്ട്സ് ആപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പട്രോളിങ് ആരംഭിച്ചിട്ടുണ്ട്.
ജനങ്ങളുടെ സഞ്ചാരം തടയുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും. സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾക്കും ആവശ്യമായ സുരക്ഷ ഒരുക്കുമെന്നും പോലീസ് അറിയിച്ചു.

