തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടത്താൻ നിശ്ചയിച്ച പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല. സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച്ച നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പിഎസ്സി അറിയിച്ചു. വെള്ളിയാഴ്ച്ച കെഎസ്ആർടിസി സർവ്വീസ് മുടക്കമില്ലാതെ നടത്തുമെന്ന് കെഎസ്ആർടിസിയും വ്യക്തമാക്കിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആഹ്വാനം ചെയ്ത സാഹചര്യത്തിൽമഹാത്മാ ഗാന്ധി സർവകലാശാലയും കേരള സർവകലാശാലയും, കണ്ണൂർ സർവകലാശാലയും സെപ്തംബർ 23 വെള്ളിയാഴ്ച്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവ്വകലാശാല വൃത്തങ്ങൾ വ്യക്തമാക്കി. കേരള നഴ്സിംഗ് കൗൺസിൽ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു.
രാവിലെ ആറു മുതൽ വൈകിട്ട് ആറു മണി വരെയാണ് പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിൽ നിന്ന് പാൽ, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. എൻഐഎ റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

