ലോകകപ്പിലെ മുഴുവന്‍ മത്സരങ്ങളും ഒരാള്‍ക്ക് സൗജന്യമായി കാണാം

ദോഹ: ലോകകപ്പിലെ മുഴുവന്‍ മത്സരങ്ങളും ഒരാള്‍ക്ക് സൗജന്യമായി കാണാനുള്ള അവസരമൊരുക്കി പ്രാദേശിക സംഘാടകരായ സുപ്രിംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ‘എവരി ബ്യൂട്ടിഫുകള്‍ ഗെയിം’ എന്ന മത്സരത്തിലൂടെയാണ് ഈ ഭാഗ്യശാലിയെ തെരഞ്ഞെടുക്കുക.

ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് സുപ്രിംകമ്മിറ്റി നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാം. ഇതിനായി സുപ്രിംകമ്മിറ്റി നല്‍കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോ അയക്കണം.

ഒരു മിനുട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമരുത്. അപേക്ഷകന്‍ 21 വയസുള്ളയാളും സോഷ്യല്‍ മീഡിയ, കാമറ സ്‌കില്‍സ് ഉള്ളയാളുമാകണം. ഇംഗ്ലീഷ് നന്നായി സംസാരിക്കുകയും വേണം. ഒപ്പം നവംബര്‍ 18 മുതല്‍ ഡിസംബര്‍ 19 വരെ ഖത്തറില്‍ ഉള്ളയാളുമാകണം. അപേക്ഷിക്കുന്നവരില്‍ നിന്ന് ഒരു സംഘത്തിനാണ് എവരി ബ്യൂട്ടിഫുള്‍ ഗെയിമില്‍ പങ്കെടുക്കാന്‍ അവസരം. വിജയിക്കുന്നയാള്‍ക്ക് മത്സര ടിക്കറ്റുകള്‍ക്ക് പുറമെ വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, യാത്ര എന്നിവ സൗജന്യമായി ലഭിക്കും.