ദേശീയ സിനിമാ ദിനം നാളെ ആഘോഷിക്കും

രാജ്യത്ത് നാളെ ദേശീയ സിനിമാ ദിനം ആഘോഷിക്കും. ഇതിന്റെ ഭാഗമായി മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ രാജ്യത്തെ 4000 സ്‌ക്രീനുകളില്‍ 75 രൂപയ്ക്ക് സിനിമ കാണാനുള്ള അവസരം പ്രേക്ഷകര്‍ക്ക് നല്‍കുകയാണ്. സെപ്തംബര്‍ 16നാണ് സിനിമാ ദിനം ആചരിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് സെപ്റ്റംബര്‍ 23 ലേക്ക് മാറ്റിവെക്കുകയായിരുന്നു.

എന്നാല്‍ സാധാരണ ദിവസങ്ങളില്‍ തിയേറ്ററുകളില്‍ സിനിമാ ടിക്കറ്റിന് 300 മുതല്‍ 500 രൂപ വരെയുള്ള നിരക്കാണ് ഈടാക്കുന്നത്. പ്രീമിയം, റിക്ലൈനര്‍ സീറ്റുകള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് 1,000 രൂപ മുതല്‍ 1,500 രൂപ വരെയും ഈടാക്കും. എന്നാല്‍ ഈ സിനിമാ ദിനത്തില്‍ സിനിമ കാണാന്‍ വെറും 75 രൂപ നല്‍കിയാല്‍ മതി എന്നുള്ള വലിയ ഓഫര്‍ സ്ഥിരമായി സിനിമ കാണുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത തന്നെയാണ്. കൂടാതെ മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഈ ഓഫറിനെക്കുറിച്ച് പോസ്റ്റു ചെയ്തിട്ടുണ്ട്. ‘മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ഇന്ത്യയിലുടനീളമുള്ള സിനിമാസും, ദേശീയ സിനിമയെ അടയാളപ്പെടുത്തുന്നതിനായി 75 രൂപ നിരക്കില്‍ സിനിമകള്‍ കണ്ടുകൊണ്ട് ഒരു ദിവസം ചെലവഴിക്കാന്‍ സിനിമാപ്രേമികളെ സ്വാഗതം ചെയ്യുന്നു. ദേശീയ സിനിമാ ദിനം സെപ്തംബര്‍ 16ന് ആചരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വിവിധ ‘തല്‍പരകക്ഷികളുടെ’ അഭ്യര്‍ത്ഥന മാനിച്ച്, പരമാവധി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി, അത് സെപ്റ്റംബര്‍ 23-ലേക്ക് മാറ്റിയിരിക്കുകയാണ്.’

അതേസമയം പിവിആര്‍, ഐനോക്സ്, സിനിപോളിസ്, കാര്‍ണിവല്‍, മിറാജ്, സിറ്റി പ്രൈയ്ഡ്, ഏഷ്യ, വേവ്, ഡിലൈറ്റ് തുടങ്ങി രാജ്യത്തുടനീളമുള്ള മള്‍ട്ടിപ്ലക്‌സുകളുടെ സ്‌ക്രീനുകള്‍ ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് 75 രൂപയുടെ ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.