പോസ്റ്റൽ ബാലറ്റ് സൗകര്യം ഒഴിവാക്കണം; നിർദ്ദേശം മുന്നോട്ടുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പോസ്റ്റൽ ബാലറ്റ് സൗകര്യം ഒഴിവാക്കണം എന്ന നിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്റ്റൽ ബാലറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ വോട്ടു രേഖപ്പെടുത്താൻ സൗകര്യം ഒരുക്കാം എന്ന ബദൽ നിർദ്ദേശമാണ് കമ്മീഷൻ വ്യക്തമാക്കുന്നത്.

നിലവിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ടു ചെയ്യാനുള്ള സൗകര്യമുണ്ട്. കോവിഡ് കാലത്ത് കൂടുതൽ പേർക്ക് ഇതിനുള്ള സൗകര്യം നൽകിയിരുന്നു. നിലവിൽ പോസ്റ്റൽ ബാലറ്റ് വാങ്ങി പ്രത്യേക കേന്ദ്രങ്ങളിൽ വോട്ടു ചെയ്ത് തിരികെ നല്കാനുള്ള സൗകര്യമുണ്ട്. എന്നാൽ പോസ്റ്റൽ ബാലറ്റ് വോട്ടെണ്ണൽ നടക്കുന്ന ദിവസം രാവിലെ തിരികെ എത്തിച്ചാൽ മതി എന്ന ചട്ടം നിലവിലുണ്ട്. ഈ ചട്ടം ദുരുപയോഗം ചെയ്യുന്നു എന്നാണ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്.

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പകുതിയിലധികം പോസ്റ്റൽ വോട്ടുകളും വോട്ടെണ്ണൽ നടക്കുന്നതിന് തൊട്ടു മുൻപാണ് തിരികെ എത്തുന്നത്. ഇത് തടയണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നത്.