ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ കേരളത്തിലേക്ക്. ബിജെപിയിലെ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കാൻ വേണ്ടിയാണ് അദ്ദേഹം കേരളത്തിലേക്കെത്തുന്നത്. സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നദ്ദയുടെ കേരള സന്ദർശനം.
ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചുപണി നടന്നേക്കുമെന്നാണ് വിവരം. സെപ്തംബർ 25, 26 തീയതികളിലായി നദ്ദ കേരളത്തിൽ ക്യാമ്പ് ചെയ്യും. വിശ്വാസ്യതയുള്ള നേതൃത്വം ഇല്ലെന്നതാണ് പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് നേരത്തെ ഒരു വിഭാഗം പ്രധാനമന്ത്രിയടക്കമുള്ളവരോട് പറഞ്ഞിരുന്നു. പാർട്ടിക്കുള്ളിലുള്ളവർ പോലും നിലവിലെ നേതൃത്ത്വത്തിന്റെ തീരുമാനങ്ങളിൽ അതൃപ്തരാണെന്നാണ് വിവരം.
കെ സുരേന്ദ്രന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന റിപ്പോർട്ടുകളിലും ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.

