സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ; അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ചർച്ചാ വിഷമായതായി റിപ്പോർട്ട്

ന്യൂഡൽഹി: സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംപി ശശി തരൂർ. ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂർ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്ച്ച. ഡൽഹി ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. ഒരു മണിക്കൂറോളം നേരം കൂടിക്കാഴ്ച നീണ്ടു.

തെരഞ്ഞെടുപ്പിലെ മത്സര സാധ്യതയടക്കം കൂടിക്കാഴ്ച്ചയിൽ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ട് മത്സരിക്കാൻ തീരുമാനിച്ചാൽ ശശി തരൂരും മത്സരത്തിനിറങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, മഹാരാഷ്ട്ര, ജമ്മുകശ്മീർ, യുപി കോൺഗ്രസ് ഘടകങ്ങൾ രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം പാസാക്കി. രാജസ്ഥാൻ, ഛത്തീസ് ഘട്ട്, ഗുജാറാത്ത് ഘടകങ്ങളും രാഹുൽ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

രാഹുൽ അധ്യക്ഷനായില്ലെങ്കിൽ പാർട്ടിയിൽ ഐക്യമുണ്ടാകില്ലെന്നും മറ്റാരേയും അംഗീകരിക്കാൻ പ്രവർത്തകർ തയ്യാറായേക്കില്ലെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടുന്നു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഹുൽതന്നെ പാർട്ടിയെ നയിക്കണമെന്നും പ്രമേയങ്ങൾ ആവശ്യപ്പെടുന്നുണ്ട്.