സംസ്ഥാനത്ത് പരിശോധന നടത്തിയ 148 റോഡുകളില്‍ 67ലും കുഴികള്‍ കണ്ടെത്തി വിജിലന്‍സ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് മാസത്തിനിടെ ടാറിംഗ് നടന്ന റോഡുകളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താനുള്ള ഓപ്പറേഷന്‍ സരള്‍ രാസ്തയുടെ ഭാഗമായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പകുതിയോളം റോഡിലും കുഴികള്‍ കണ്ടെത്തി.

പരിശോധന നടത്തിയ 148 റോഡുകളില്‍ 67ലും കുഴികളാണ്‌. 19 റോഡുകളില്‍ വേണ്ടത്ര ടാര്‍ ഉപയോഗിച്ചിട്ടില്ലെന്നും, റോഡ് റോളര്‍ ഉപയോഗിക്കാതെ ടാറിംഗ് ചെയ്തതായും വിജിലന്‍സ് കണ്ടെത്തി.

അതേസമയം, കാലം തെറ്റി പെയ്യുന്ന മഴയാണ് റോഡുകള്‍ തകരാന്‍ കാരണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാലാവസ്ഥ മനസിലാക്കി എങ്ങനെ റോഡ് നിര്‍മ്മാണം നടത്താം എന്നാണ് ചിന്തിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്‌നമാണ്. കൂടാതെ കുഴികളില്‍ വീണ് പരിക്കേല്‍ക്കുന്നവര്‍ക്കും മരിക്കുന്നവരുടെ കുടുംബത്തിനും സര്‍ക്കാര്‍ സഹായം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.